പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ

  • 27/09/2023

വയനാട്: പി വി അൻവറിൻ്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ. അൻവറും കുടുംബവും 19.26 ഏക്കര്‍ മിച്ച ഭൂമി കൈവശം വച്ചിരിക്കുന്നതായി നേരത്തെ കണ്ടെത്തിയ ലാന്‍ഡ് ബോര്‍ഡ് പക്ഷേ ഉത്തരവിറക്കിയപ്പോള്‍ പിടിച്ചെടുക്കേണ്ട ഭൂമി ആറേക്കറായി ചുരുക്കിയതിനു പിന്നില്‍ ഉദ്യോഗസ്ഥ ഒത്തുകളിയെന്നാണ് ആരോപണം. എന്നാല്‍ അൻവര്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭൂപരിധി നിയമത്തിലെ ഇളവുകള്‍ അനുവദിക്കുകയായിരുന്നെന്നാണ് ലാൻഡ് ബോര്‍ഡ് വിശദീകരണം. 


പി വി അൻവറിന്‍റെയും കുടുംബത്തിന്‍റെയും പേരിലുളളതായി ലാൻഡ്ബോര്‍ഡ് കണ്ടെത്തിയത് 31.26 ഏക്കര്‍ ഭൂമിയാണ്. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്നതിലും അധികമുളള 19.26 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ മാസമാണ് താമരശ്ശേരി താലൂക്ക് ലാൻഡ്ബോ‍ര്‍ഡ് ചെയര്‍മാൻ നോട്ടീസയച്ചത്. 2007ല്‍ത്തന്നെ അനവര്‍ ഭൂപരിധി ലംഘിച്ചതായും ലാൻഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ അൻവര്‍ നല്‍കിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ കുടുംബാഗങ്ങള്‍ക്കുള്‍പ്പെടെ 21.72 ഏക്കര്‍ ഭൂമി മാത്രമാണുളളതെന്നും അധികമുളള 6.24ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നുമാണ് ലാൻഡ് ബോര്‍ഡ് ഏറ്റവുമൊടുവില്‍ ഇറക്കിയ ഉത്തരവിലുളളത്.

സ്കൂള്‍, വാണിജ്യസമുച്ചയം, ചാരിറ്റി സ്ഥാപനം തുടങ്ങിയവയക്കുളള ഇളവുകള്‍ നല്‍കുമ്ബോള്‍ 6.24 ഏക്കര്‍മാത്രമാണ് മിച്ചഭൂമിയെന്നാണ് കണ്ടെത്തല്‍. ഈ വിശദീകരണത്തില്‍ അവ്യക്തതയുണ്ടെന്നും താൻ നല്‍കിയ മുഴുവൻ തെളിവുകളും പരിഗണിച്ചില്ലെന്നും പരാതിക്കാരൻ. പരാതിക്കാരൻ നല്‍കിയ പട്ടികയിലെ മുഴുവൻ ഭൂമിയും അൻവറിന്‍റെതല്ലെന്നാണ് ലാൻഡ്ബോര്‍ഡ് വിശദീകരിക്കുന്നത്.

Related News