കരുവന്നൂര്‍ തട്ടിപ്പ്; എം കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടു, കൂടിക്കാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് മുമ്ബ്

  • 28/09/2023

സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ മുഖ്യമന്ത്രിയെ കണ്ടു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നില്‍ ഹാജരാകാൻ പോകുന്നതിന് മുമ്ബായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 


കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതര്‍ ഇടപെട്ട തട്ടിപ്പെന്ന ഇഡി വ്യക്തമാക്കുമ്ബോള്‍ ആരൊക്കെയാണ് ആ ഉന്നതര്‍ എന്ന ചോദ്യവും ശക്തമാകുകയാണ്. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്.

അതിനിടെ, കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി ആര്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ബാങ്കിലെ നിക്ഷേപകരില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാധാരണ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കൂ എന്നും ബാങ്ക് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related News