തീവ്രമഴ മുന്നറിയിപ്പ്; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

  • 29/09/2023

സംസ്ഥാനത്ത് അതി തീവ്രമായ മഴ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  മറ്റ് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പല ജില്ലകളിലും ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കനത്ത മഴയില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. 


അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മധ്യ കിഴക്കൻ അറബിക്കടലില്‍ കൊങ്കണ്‍ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്കാവും കാറ്റ് സഞ്ചരിക്കുക. 

വടക്ക് - കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ - കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച്‌ വടക്ക് - പടിഞ്ഞാറ് ദിശയില്‍ കാറ്റ് സഞ്ചരിക്കും. പിന്നീട് വീണ്ടും ശക്തിപ്രാപിച്ച്‌ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Related News