ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ ആരോപണം; തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവും ലെനിനുമെന്ന് പൊലീസ് നിഗമനം

  • 01/10/2023

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബാസിതിന്റ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നല്‍കിയിരുന്നത്.


സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇന്ന് വീണ്ടും ഹരിദാസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അഖില്‍ മാത്യുവിനെതിരായ ആരോപണത്തില്‍ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ആള്‍മാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിയമനത്തിന് കോഴ നല്‍കിയ കേസില്‍ ഇടനിലക്കാരൻ അഖില്‍ സജീവ് കോഴിക്കോട് കുന്ദമംഗലത്തും തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

തട്ടിപ്പിന് കൂട്ട് നിന്നത് നിയമന കോഴക്കേസിലെ കൂട്ടാളിയായ അഡ്വ. ലെനിൻ രാജാണെന്ന് പരാതിക്കാര്‍ ആരോപിച്ചത്. പത്തിലേറെ പേര്‍ക്കാണ് ഒരു ലക്ഷം രൂപ വരെ നഷ്ടമായതെന്നാണ് വിവരം.

Related News