അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച്‌ രാഷ്ട്രീയ കേരളം

  • 01/10/2023

കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച്‌ രാഷ്ട്രീയ കേരളം. ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കോടിയേരിയുടെ സ്വന്തം നാടായ തലശ്ശേരിയില്‍ സി പി എം സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവ‍ര്‍ അദ്ദേഹവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പാര്‍ട്ടി ബന്ധത്തെക്കുറിച്ചും വിവരിച്ചു.


കോടിയേരിയുടെ അന്ത്യയാത്രയോടനുബന്ധിച്ച്‌ നടത്തിയ വിലാപ യോഗത്തില്‍ വിതുമ്ബിപ്പോയ പിണറായി, ഇന്നും അദ്ദേഹത്തിന്‍റെ വിയോഗത്തിലെ തീരാത്ത നൊമ്ബരത്തെക്കുറിച്ചാണ് വിവരിച്ചത്. ഈ ഒരു വര്‍ഷത്തിനിടെ പലപ്പോഴായി കോടിയേരിയെ ഓര്‍ത്തുപോയിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. ഇന്ന് കാണുന്ന കരുത്തോടെ പാര്‍ട്ടിക്ക് നിലനില്‍ക്കാൻ കഴിയുന്നതില്‍ കോടിയേരി വ്യക്തിപരമായ പങ്ക് വഹിച്ചെന്നും പാര്‍ട്ടിക്ക് മീതെ അല്ല എന്ന കമ്മ്യൂണിസ്റ്റ്‌ ബോധ്യം പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി വിവരിച്ചു.

സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയതിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊളളുന്ന പയ്യാമ്ബലത്ത് കോടിയേരിയുടെ സ്മൃതികുടീരം ഇന്ന് രാവിലെ അനാച്ഛാദനം ചെയ്തു. പാര്‍ട്ടിക്കെതിരെയുളള കടന്നാക്രമണങ്ങള്‍ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് ദുഃഖമാണെന്നാണ് സ്മൃതികുടീരം അനാച്ഛാദനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേദനയോടെ പറഞ്ഞത്.

Related News