ലൈസൻസ് ഇല്ല, ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന; നിയമലംഘകര്‍ അറസ്റ്റിൽ

  • 02/10/2023


കുവൈത്ത് സിറ്റി: കര്‍ശനമായ പരിശോധനകള്‍ തുടര്‍ന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ ക്യാപിറ്റൽ ഗവർണറേറ്റ് വിഭാഗം. പരിശോധനയില്‍ നിയമലംഘകരായ നിരവധി പേര്‍ പിടിയിലായി. റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലെ മുറികൾ ലൈസൻസില്ലാത്ത പലചരക്ക് കടയാക്കി മാറ്റിയതിന് രണ്ട് പ്രവാസികള്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ, ലൈസൻസില്ലാത്ത കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ അനധികൃത കഫേ നടത്തിയതിന് മൂന്ന് പേരും പിടിയിലായിട്ടുണ്ട്.

ജലീബ് ​​അൽ ഷുവൈക്ക് പ്രദേശത്തെ ഒരു വീട്ടിൽ ലൈസൻസില്ലാതെ റെസ്റ്റോറന്റ് നടത്തിയതിന് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളാണ് ഇവിടെ വിളമ്പിയിരുന്നത്. കൂടാതെ, ആവശ്യമായ പെർമിറ്റുകളില്ലാതെ വഴിയാത്രക്കാർക്കും താമസസ്ഥലങ്ങൾക്കും ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന ഒരു തെരുവ് കച്ചവടക്കാരനെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിലെടുത്തു. നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുകയാണ്.

Related News