ഹെര്‍ണിയ ഓപ്പറേഷൻ നേരത്തെയാക്കാൻ 2,000 രൂപ കൈക്കൂലി; കെണിയില്‍ വീണ് ഡോക്ടര്‍, അറസ്റ്റ്

  • 03/10/2023

രോഗിയില്‍ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവേ ഡോക്ടര്‍ വിജിലൻസ് പിടിയില്‍. കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വെങ്കിടഗിരിയാണ് പിടിയിലായത്. കാസര്‍കോഡ് സ്വദേശിയായ പരാതിക്കാരന്റെ ഹെര്‍ണിയയുടെ ചികിത്സക്കായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 

ഇക്കഴിഞ്ഞ ജൂലൈ മാസമാണ് പരാതിക്കാരൻ ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജനെ കണ്ടത്. അദ്ദേഹം ഓപ്പറേഷന് നിര്‍ദേശിക്കുകയും അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരിയെ കണ്ട് തിയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിച്ചു.

അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിനായി കഴിഞ്ഞ ദിവസം ഡോക്ടറെ വീണ്ടും കണ്ടപ്പോഴാണ് 2,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടത്. പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. 

കാസര്‍കോഡ് വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഡോക്ടര്‍ കുടുങ്ങിയത്. ഇന്ന് വൈകീട്ട് 6:30യോടെ കാസര്‍കോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച്‌ 2,000 രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി.

Related News