വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സര്‍ക്കാര്‍ നീക്കം; റദ്ദാക്കിയ കെഎസ്‌ഇബി കരാര്‍ പുനഃസ്ഥാപിക്കും

  • 04/10/2023

തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാൻ റഗുലേറ്ററി കമ്മീഷന് നിര്‍ദ്ദേശം നല്‍കാൻ സര്‍ക്കാര്‍ തീരുമാനം. നടപടിക്രമങ്ങളിലെ വീഴ്ച ഉന്നയിച്ച്‌ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറാണ് വൈദ്യുതി നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ സര്‍ക്കാര്‍ പുനഃസ്ഥാപിക്കുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.


കെഎസ്‌ഇബിക്ക് ഇരുട്ടടിയായി ഇക്കഴിഞ്ഞ മെയ്യിലായിരുന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ദീര്‍ഘ കാല കരാര്‍ റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളും നടപടി ക്രമങ്ങളിലെ വീഴ്ചയും ഉന്നയിച്ചാണ് ആര്യാടൻ്റെ കാലത്തെ ഒപ്പിട്ട 465 മെഗാ വാട്ടിൻ്റെ കരാര്‍ റദ്ദാക്കിയത്. പക്ഷെ ഒറ്റയടിക്ക് 465 മെഗാ വാട്ട് ഇല്ലാതായതും മഴ കുറഞ്ഞതും വഴി ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായി. മുഖ്യമന്ത്രി വരെ കമ്മീഷൻ്റെ നടപടിയെ വിമര്‍ശിച്ചിരുന്നു. ഒടുവില്‍ കെഎസ്‌ഇബി ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഇടപെടല്‍. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാറിന് ഇടപെടാൻ അധികാരം നല്‍കുന്ന വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. 

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച കമ്മീഷൻ ഇനി കരാര്‍ പുനസ്ഥാപിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. കരാര്‍ റദ്ദാക്കിയ നടപടിക്കെതിരെ അപ്പലേറ്റ് ട്രിബ്യൂണലില്‍ കെഎസ്‌ഇബി നല്‍കിയ കേസില്‍ സര്‍ക്കാറും കക്ഷിചേരും. ബോര്‍ഡിന് അടിയന്തിര സ്റ്റേ അനുവദിച്ചിരുന്നില്ല. കരാര്‍ പുനഃസ്ഥാപിക്കുന്നത് വഴി യൂണിറ്റിന് മൂന്നര രൂപ മുതല്‍ 4.29 രൂപ വരെയുള്ള കുറഞ്ഞ നിരക്ക് ഇനി 18 വര്‍ഷം കൂടി മൂന്ന് കമ്ബനികളില്‍ നിന്നും ബോര്‍ഡിന് വൈദ്യുതി കിട്ടും.

Related News