വാഹന രൂപമാറ്റം പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: ഹൈക്കോടതി

  • 04/10/2023

കൊച്ചി: വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വ്‌ലോഗര്‍മാര്‍ ഉപയോഗിച്ചാല്‍ അതിലും നടപടി സ്വീകരിക്കണം. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വലിയ രീതിയില്‍ രൂപമാറ്റം വരുത്തി വിഡീയോകള്‍ ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.


ശബരിമല സ്‌പെഷല്‍ കമീഷണറുടെ 'സേഫ് സോണ്‍ പ്രൊജക്‌ട്' റിപ്പോര്‍ട്ടിന്മേല്‍ കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കെതിരെ നടപടിയെടുക്കണം. അനധികൃതമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും വീഡിയോകള്‍ പ്രചരിപ്പിച്ച്‌ രൂപമാറ്റത്തിന് പ്രോത്സാഹനം നല്‍കുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും വ്‌ലോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശത്തില്‍ പറയുന്നു.

'എ.ജെ ടൂറിസ്റ്റ് ബസ് ലവര്‍', 'നസ്രു വ്‌ലോഗര്‍', 'നജീബ് സൈനുല്‍സ്', 'മോട്ടോര്‍ വ്‌ലോഗര്‍' തുടങ്ങിയ യൂട്യൂബ് ചാനലുകളിലെ വീഡിയോകള്‍ കോടതി പരിശോധിച്ചു. പിടികൂടുന്ന വാഹനങ്ങളില്‍ അനധികൃതമായ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.

Related News