കരുവന്നൂര്‍ തട്ടിപ്പ്; ബാങ്ക് ആവശ്യപ്പെട്ടാല്‍ വായ്പയെടുത്തവരുടെ ആധാരങ്ങള്‍ തിരികെ നല്‍കാമെന്ന് ഇ ഡി

  • 04/10/2023

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജയരാജൻ പി., മുകുന്ദൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഇ.ഡി. പ്രത്യേക കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് ആവശ്യപ്പെട്ടാല്‍ വായ്പയെടുത്തവരുടെ ആധാരങ്ങള്‍ തിരികെ നല്‍കാമെന്നും ഇ.ഡി. വ്യക്തമാക്കി. 


കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പി. സതീഷ് കുമാര്‍ പണം കൈമാറ്റം ചെയ്യുന്നതിനായി രണ്ട് അക്കൗണ്ടുകള്‍ കൂടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ജയരാജൻ പി., മുകുന്ദൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് ഇ.ഡി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദൻ മുഖ്യപ്രതി സതീഷിന്റെ അടുത്ത ബന്ധുവാണ്. ജയരാജൻ വിദേശത്തുള്ള ആളാണെന്നും സൂചനയുണ്ട്. 

അതേസമയം ബാങ്ക് ആവശ്യപ്പെട്ടാല്‍ വായ്പയെടുത്തവരുടെ ആധാരങ്ങള്‍ തിരികെ നല്‍കാമെന്നും ഇ.ഡി. ഹൈക്കോടതിയില്‍ വ്യക്തമാക്കി. വായ്പ തിരികെ അടച്ചിട്ടും ആധാരം തിരികെ കിട്ടുന്നില്ലെന്ന് ആരോപിച്ച്‌ തൃശ്ശൂര്‍ സ്വദേശി ഫ്രാൻസിസ് നല്‍കിയ പരാതിയിലാണ് ഇ.ഡി.യുടെ മറുപടി. എന്നാല്‍ ആധാരം ആവശ്യപ്പെട്ട് ഫ്രാൻസിസ് ഇതുവരെ ബാങ്കിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ബാങ്ക് വ്യക്തമാക്കി.

Related News