മോദിയും അമിത് ഷായും ഭരിക്കുന്ന ഇന്ത്യയില്‍ തീവ്രവാദവും അഴിമതിയും പച്ചപിടിക്കില്ല- അനില്‍ ആന്റണി

  • 04/10/2023

തിരുവനന്തപുരം: നരേന്ദ്രമോദിയും അമിത് ഷായും ഭരിക്കുന്ന ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനവും അഴിമതിയും പച്ചപിടിക്കില്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ.ആന്റണി. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലുണ്ടായ സാമ്ബത്തികക്രമക്കേടില്‍ ആയിരക്കണക്കിന് നിക്ഷേപകരുടെ പണം പലരും തട്ടിയെടുത്തതായും അദ്ദേഹം പറഞ്ഞു.


'ഇത് നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയാണ്. അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കുന്ന ഭാരതമാണ്. ഇവിടെ തീവ്രവാദപ്രവര്‍ത്തനവും അഴിമതിയും പച്ചപിടിക്കില്ല. നീതിയും സുരക്ഷയും ലഭിക്കുന്നതിന് വേണ്ടി ബി.ജെ.പിയുടെ നേതൃത്വവും ഓരോ പ്രവര്‍ത്തകരും ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കും'- അനില്‍ പറഞ്ഞു.

അഴിമതിയില്‍ നിന്നും രക്ഷനേടാൻ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വര്‍ഗീയ ധ്രൂവീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങള്‍ക്കിടെ കേരളത്തിലെ സ്പീക്കറും മറ്റൊരു മുൻമന്ത്രിയും ഗണപതിയേയും പരശുരാമനേയും അവഹേളിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ തീവ്രവാദപ്രവര്‍ത്തനത്തിനെതിരേ സംസ്ഥാനത്ത് അര ഡസനോളം കുറ്റപത്രങ്ങളാണ് എൻ.ഐ.എ സമര്‍പ്പിച്ചിരിക്കുന്നത്. നിരോധിക്കപ്പെട്ട പി.എഫ്.ഐയും, ഐ.എസ്.ഐ.എസുമായി ബന്ധമുള്ള സംഘടനകളും കേരളത്തില്‍ തഴച്ചുവളരുകയാണെന്ന് നിരവധി അന്വേഷണ ഏജൻസികള്‍ വ്യക്തമാക്കിയതാണ്. വോട്ട് ബാങ്ക് രാഷട്രീയത്തിന് വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ഇവരെ വെള്ളപൂശുകയാണെന്നും അനില്‍ ആരോപിച്ചു.

Related News