ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി; മുഹമ്മദ്‌ ഫൈസലിന്‍റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

  • 04/10/2023

ലക്ഷദ്വീപ് മുൻ ലോക്സഭാംഗം മുഹമ്മദ്‌ ഫൈസല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. ഹൈക്കോടതി വിധി എതിരായതോടെ അംഗത്വം റദ്ദാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു .


വധശ്രമക്കേസില്‍ കവരത്തി സെഷൻസ് കോടതി വിധിച്ച പത്തു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരൻ ആണെന്ന കണ്ടെത്തലിനു സ്റ്റേ നല്‍കാൻ ഹൈക്കോടതി തയാറായില്ല. ഇവ രണ്ടിലും സ്റ്റേ ലഭിക്കണം എന്ന മാനദണ്ഡം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ലോക് സഭാംഗത്വം റദ്ദാക്കപ്പെട്ടത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതിയിലെ ഹരജി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ മുമ്ബാകെ ഹരജി പരാമര്‍ശിക്കും. മുഹമ്മദ്‌ ഫൈസലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍സിബല്‍ ഹാജരാകും. 

സുപ്രിംകോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഒരിക്കല്‍ നഷ്ടമായ എം.പി സ്ഥാനം ഇനി ഫൈസലിന് തിരികെ ലഭിക്കില്ല. അടുത്ത ആഴ്ച 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പും നടത്തിയാല്‍ ഫൈസലിന് തിരിച്ചടിയാകും.

Related News