കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാസംവിധാനം വളരെ ദുര്‍ബലം; ഭരണവിരുദ്ധ വികാരം മുതലാക്കാനാകുമോയെന്ന് സംശയം: സുനില്‍ കനുഗോലു

  • 05/10/2023

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി സംഘടനാ സംവിധാനം വളരെ ദുര്‍ബലമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു. അതുകൊണ്ടു തന്നെ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുതലെടുക്കാനാകുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


ഇന്ദിരാഭവനില്‍ നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് സുനില്‍ കനുഗോലു ഈ സംശയമുന്നയിച്ചത്. മൂന്ന് എംപിമാരൊഴികെ കോണ്‍ഗ്രസിന്റെ 12 എംപിമാരും രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധി, ടി എന്‍ പ്രതാപന്‍, എംകെ രാഘവന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

കോണ്‍ഗ്രസ് എംപിമാരോട് അവരവരുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുനില്‍ കനുഗോലു നിര്‍ദേശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ സാഹചര്യം, സാമൂഹിക സ്ഥിതിഗതികള്‍, സിറ്റിംഗ് എംപിമാര്‍ വഹിക്കുന്ന പങ്ക്, വിജയസാധ്യതകള്‍ എന്നിവയെക്കുറിച്ച്‌ സുനില്‍ കനുഗോലുവും സംഘവും പഠനം ആരംഭിച്ചിരുന്നു.

Related News