നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍

  • 05/10/2023

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയില്‍ നിന്നാണ് അഖിലിനെ പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസില്‍ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുക.


കേസില്‍ അഖില്‍ സജീവിന്റെ കൂട്ടാളി റഹീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആരോപണം ഉന്നയിച്ച ഹരിദാസിന്റെ മരുമകള്‍ക്ക് വ്യാജ നിയമന ഉത്തരവ് തയ്യാറായി ഇമെയില്‍ അയച്ചത് റഹീസാണെന്നാണ് പൊലീസ് പറയുന്നു. അഖില്‍ സജീവ് റഹീസുമായി ചേര്‍ന്നാണ് ഇമെയില്‍ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖില്‍ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയര്‍ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകര്‍ന്നു. പിന്നീടും ഇവര്‍ തമ്മില്‍ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ച ഹരിദാസ് പൊലീസിന് മൊഴി നല്‍കാതെ മുങ്ങി. കന്റോമെന്റ് സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടു വെങ്കിലും ഹാജരായില്ല. ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Related News