ഗോതുരുത്ത് അപകടം; കാറിന് ശരാശരിക്ക് മുകളില്‍ വേഗത, അശ്രദ്ധ;കാര്‍ പുഴയിലേക്ക് മറിയുന്നതിന് മുമ്ബുള്ള ദൃശ്യം പുറത്ത്

  • 06/10/2023

കൊച്ചി: യുവ ഡോക്ടര്‍മാര്‍ മരിച്ച ഗോതുരുത്ത് അപകടത്തിന് തൊട്ട് മുൻപ് ഉള്ള കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിയുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിന് ശരാശരിക്ക് മുകളില്‍ വേഗതയുണ്ടെന്നും വേഗതയേക്കാള്‍ അപകടമുണ്ടാക്കിയത് അശ്രദ്ധ കാരണമുള്ള ഡ്രൈവിംഗ് ആണെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച അഞ്ചംഗ സംഘമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്.


അപകടത്തില്‍ യുവഡോക്ടര്‍മാര്‍ മരിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവര്‍ക്ക് കാര്യമായി പരിക്കുകളുണ്ടായിരുന്നില്ല. ഒക്ടോബര്‍ 1നായിരുന്നു രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയില്‍ വന്ന കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയടക്കം മൂന്നുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. കാര്‍ വേഗത്തില്‍ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു.

കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. കാറിൻ്റെ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. മൂന്നുപേരെ ആശുപത്രിയിലെത്തിച്ചു. ഗൂഗിള്‍ മാപ്പ്നോക്കിയാണ് ഇവരുടെ യാത്രയെന്ന് പൊലീസ് പറഞ്ഞിരുന്നു.

Related News