ലൈംഗിക, മാനസിക പീഡനമെന്ന് കുറിപ്പ്; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 3 അധ്യാപകര്‍ക്കെതിരെ കേസ്

  • 08/10/2023

കന്യാകുമാരി: കേരള - തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലെ അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തത്. അധ്യാപകരില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനിയുടെ അവസാന കുറിപ്പില്‍ പറയുന്നുണ്ട്.


വെള്ളിയാഴ്ച വൈകീട്ടാണ് കന്യാകുമാരിയിലെ കുലശേഖരത്തുള്ള ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലെ ഹോസ്റ്റലില്‍ തൂത്തുക്കുടി സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ 27 കാരിയാണ് ഹോസ്റ്റല്‍ മുറിയില്‍ മരുന്ന് കുത്തിവച്ച്‌ മരിച്ചത്.

പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ഗുരുതര പരാതി ഉന്നയിച്ചിരുന്നു. ഡോ. പരമശിവം, ഡോ. ഹരീഷ്, ഡോ. പ്രീതി എന്നിവര്‍ മാനസികമായി പീ‍ഡിപ്പിച്ചെന്നാണ് ആരോപണം. ഡോ. പരമശിവം ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്.

കുറിപ്പ് സമൂഹ മാധ്യമങ്ങളിലും തമിഴ് മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മൂന്ന് അധ്യാപകര്‍ക്കെതിരെ കുലശേഖരം പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയിലാണ് കേസ്. അന്വേഷണത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് കന്യാകുമാരി എസ്പി അറിയിച്ചു. നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ പഠിക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരിക്കാൻ കോളജ് അധികൃതര്‍ തയ്യാറായില്ല.

Related News