തിരുവനന്തപുരത്ത് മലയോര യാത്രകള്‍ക്ക് നിരോധനം; ക്വാറികള്‍ക്ക് വിലക്ക്, ബീച്ചുകളില്‍ പോകരുത്

  • 15/10/2023

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാല്‍, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നാലു ഷട്ടറുകളും നിലവില്‍ 70 സെന്റീമീറ്റര്‍ വീതം (ആകെ 280സെന്റീമീറ്റര്‍) ഉയര്‍ത്തിയിട്ടുണ്ട്. വൈകീട്ട് ഓരോ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം (ആകെ 400സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൈക്കാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തില്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി കെ രാജന്‍, പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ-പൊതു വിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആര്‍ഡിഒ അശ്വതി ശ്രീനിവാസ് എന്നിവരടങ്ങിയ സംഘം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

Related News