ചക്രവാതചുഴി, ന്യുനമര്‍ദ്ദ സാധ്യത: നാല് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്, മഞ്ഞ അലര്‍ട്ട് ആറ് ജില്ലകളില്‍

  • 16/10/2023

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് ആറ് ജില്ലകളിലേക്ക് ചുരുക്കിയാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം. നിലവില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളത്.

പട്ടികയില്‍ നിന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കി. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് ഉദേശിക്കുന്നത്.

തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നാളെയോടെ ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related News