'മുഖ്യമന്ത്രിക്ക് പത്രസമ്മേളന പ്രസംഗം എഴുതി നല്‍കുന്ന പി.ആര്‍ ഏജൻസിയെ എന്നെ കൊണ്ട് പറയിപ്പിക്കരുത്'

  • 16/10/2023

എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയൻ പഠിപ്പിക്കാൻ വരേണ്ട. ആറുമണി പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പി.ആര്‍. ഏജൻസിയെക്കുറിച്ച്‌ തന്നോട് പറയിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു.


കെപിസിസി യോഗത്തില്‍ പിആര്‍ ഏജൻസികളുമുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സതീശൻ. 'സുനില്‍ കനഗോലു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്ക് ഫോഴ്സിലെ അംഗവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ് കോണ്‍ഗ്രസ് നേതാക്കളുടെ കമ്മിറ്റിയിലെ അംഗവുമാണ്. കോവിഡ് കാലത്തെ പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആര്‍. ഏജൻസി ഏതെന്നത് തന്നോട് പറയിപ്പിക്കേണ്ട. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂര്‍ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജൻസി ഏതെന്ന് പറയിപ്പിക്കേണ്ട. ഏജൻസിക്കുള്ള പബ്ലിസിറ്റി എന്റെ നാവില്‍ക്കൂടി വരണ്ട.

ബോംബെയില്‍നിന്നുവന്ന ഏജൻസിയുടെ ആളുകള്‍ ഇവിടെ ഇപ്പോള്‍ എത്രയുണ്ട്? തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുൻപ് അസംബ്ലിയുടെ ഗ്യാലറിയില്‍വരെ മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും കൊണ്ടുവന്ന പി.ആര്‍. ഏജൻസിയുടെ ആളുകള്‍ ഉണ്ടായിരുന്നു. രണ്ട് കണ്ണിലും തിമിരം ബാധിച്ചൊരാള്‍ മറ്റുള്ളവരെ നോക്കി അവര്‍ക്ക് കാഴ്ചയില്ലെന്നു പറയുന്നു' സതീശൻ വിമര്‍ശിച്ചു. 

Related News