സംസ്ഥാനത്ത് മൈക്രോബയോം റിസര്‍ച്ച്‌ സെന്റര്‍ സ്ഥാപിക്കും, കണ്ണൂര്‍ ഐടി പാര്‍ക്കിന് അനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

  • 18/10/2023

സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. കേരള ഡവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നല്‍കിയത്.

ഒരേ പരിതസ്ഥിതിയില്‍ ഒരുമിച്ച്‌ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസര്‍ച്ച്‌. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ പ്രവര്‍ത്തനത്തിനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ തസ്തികകള്‍ സൃഷ്ടിക്കും.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്ന് വിരമിച്ച ഡോ.സാബു തോമസിനെ ആദ്യ ഡയറക്ടറായി 3 വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. കമ്ബനിയായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തി. മൈക്രോബയോമിന്റെ ഭരണ വകുപ്പായി കേരള സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിനെ തീരുമാനിച്ചു.

Related News