ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ടു; പലസ്തീൻ വിദ്യാര്‍ഥിനിയെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി

  • 20/10/2023

ഇസ്രയേല്‍ ആക്രമണത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീന്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ എംഎ ലിംഗ്വിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിനി ഫുറാത്ത് അല്‍മോസാല്‍മിയും ഭര്‍ത്താവും പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയുമായ സമര്‍ അബുദോവ്ദയെയുമാണ് മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്.

കേരളീയം പരിപാടിയുടെ ഭാഗമായി ഇന്നലെ കനകകുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച വിദേശ വിദ്യാര്‍ഥി സംഗമം പരിപാടിയിലേക്ക് ഇരുവര്‍ക്കും ക്ഷണം ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് ഗാസയിലെ ഇവരുടെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്ന് ബന്ധുക്കള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇരുവരേയും തേടിയെത്തിയത്. ഇന്നലെ 12 മണിക്ക് നടന്ന ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിലാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെടുകയും വീട് തകരുകയും ചെയ്തത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനായില്ല. യൂണിവേഴ്‌സിറ്റി അധികാരികളില്‍ നിന്ന് ഇക്കാര്യം മനസിലാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫുറാത്തിനെ ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചത്.

വടക്കന്‍ ഗാസയില്‍ നടന്ന ആക്രമണത്തില്‍ ഇരുവരുടെയും മാതാപിതാക്കള്‍ അടക്കമുള്ളവര്‍ തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. ഇന്നലെ നടന്ന ബോബാക്രമണത്തില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്റും തകര്‍ക്കപ്പെട്ടിരുന്നു. സര്‍വസ്വവും നഷ്ടപ്പെട്ട് ഇരുവരുടെയും മാതാപിതാക്കള്‍ ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്ബിലാണ് കഴിയുന്നത്.

Related News