വന്ദേഭാരത് എക്‌സ്പ്രസിന് പുതിയ സ്റ്റോപ്പ്; അയ്യപ്പഭക്തര്‍ക്ക് സന്തോഷ വാര്‍ത്തയെന്ന് കേന്ദ്രമന്ത്രി

  • 20/10/2023

കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് (20633/20634) ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്ത് വിട്ടത്. കേന്ദ്രമന്ത്രി വി. മുരളീധരൻ വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ് അനുവദിക്കാനായി ഇടപെടല്‍ നടത്തിയിരുന്നു. 

ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നേരത്തെ കത്തയച്ചിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്‌റ്റേഷനാണ് ചെങ്ങന്നൂര്‍. അതിനാല്‍ ചെങ്ങന്നൂരില്‍ സ്റ്റേഷനനുവദിക്കുന്നത് നിരവധി യാത്രക്കാര്‍ക്ക് സഹായകരമാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്‌വേ ആയി 2009 - ല്‍ ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ചകാര്യവും കത്തില്‍ പരാമര്‍ശിച്ചിരുന്നു. 

അയ്യപ്പഭക്തര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇതെന്ന് സ്റ്റോപ്പ് അനുവദിച്ചുള്ള ഉത്തരവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച്‌ വി മുരളീധരൻ കുറിച്ചു. ശബരിമലയുടെ കവാടം എന്നറിയപ്പെടുന്ന ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതില്‍ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിക്കുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.

Related News