സര്‍ക്കാര്‍ ഭൂമി വ്യാജപട്ടയം ചമച്ച്‌ മറിച്ചു വിറ്റ കേസ്; അന്വേഷണം വിജിലൻസിന് കൈമാറി

  • 20/10/2023

വാഗമണ്ണില്‍ 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജപ്പട്ടയം ചമച്ച്‌ മറിച്ചു വിറ്റ കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതൊടൊപ്പം പൂപ്പാറയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.

എറണാകുളം ഇടപ്പള്ളി സ്വദേശി ഷേര്‍ളി ആല്‍ബര്‍ട്ടിന്റെയും സഹോദരിയുടെയും പേരില്‍ വാഗമണ്‍ റാണിമുടിയിലുള്ള 10.52 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ തട്ടിയെടുക്കുകയും സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്ത കേസില്‍ പത്തു പ്രതികളാണുള്ളത്. 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ഇതുള്‍പ്പെടെ 110 ഏക്കര്‍ ഭൂമിക്ക് വ്യാജപട്ടയം ചമയ്ക്കുകയും ചെയ്തതതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോട്ടയം തീക്കോയി സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ കെ.ജെ. സ്റ്റീഫനും മകൻ ജോളി സ്റ്റീഫനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വി.കെ. നാരായണൻ നായരുടെ സഹായത്തോടെയാണ് വ്യാജപട്ടയമുണ്ടാക്കിയത്.

പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി ബിജു ജോര്‍ജിന്റെ പേരില്‍ പിന്നീടിതിന് മുക്ത്യാര്‍ തയ്യാറാക്കി പലര്‍ക്കായി ആധാരം ചെയ്ത് വിറ്റു. നിരവധി പേരുടെ കൈവശമാണ് ഈ ഭൂമിയിപ്പോള്‍. വിജിലൻസ് ഇടുക്കി യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് സി ഐ - ടി ആര്‍ കിരണിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

Related News