'സ്പോണ്‍സേഡ് ജനസദസ്'; ജനസമ്ബര്‍ക്ക പരിപാടി സര്‍ക്കാരിന്‍റേത്, പക്ഷേ സാമ്ബത്തിക ബാധ്യത സംഘാടകരുടെ തലയില്‍

  • 22/10/2023

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനത്തിന്‍റെ സാമ്ബത്തിക ബാധ്യത മുഴുവൻ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടകരുടെ തലയില്‍ കെട്ടിവച്ച്‌ സര്‍ക്കാര്‍. പരിപാടിയുടെ പ്രചാരണം മുതല്‍ പര്യടന സംഘത്തിന്‍റെ ആഹാരവും താമസവും ഉള്‍പ്പെടെയുള്ള ചെലവെല്ലാം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതല്‍ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭ ആകെ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പദ്ധതിയെ കുറിച്ച്‌ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ ഒക്കെ ആണെങ്കിലും പരിപാടിക്ക് വേണ്ടി പത്ത് പൈസ ഇറക്കാനില്ലെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പടയും പര്യടനത്തിന് ഇറങ്ങും. നവംബര്‍ 18 മുതല്‍ ഡ്സംബര്‍ 24 വരെ നടക്കുന്ന കേരള പര്യടനത്തിന്‍റെ ബാക്കി ചെലവും ചിട്ടവട്ടങ്ങളുമെല്ലാം അതാത് സംഘാടക സമിതികളുടെ വകയാണ്. മണ്ഡലങ്ങളില്‍ ചുമതല എംഎല്‍എമാര്‍ക്കാണ്, എംഎല്‍എമാര്‍ സഹകരിക്കാത്ത ഇടങ്ങളില്‍ സംഘാടക സമിതി ചെയ്ര്‍മാൻ പ്രദേശത്തെ പൊതു സമ്മതനാകും. ജില്ലാതല ക്രമാകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തണം. മുന്നൊരുക്കങ്ങളുടെ അവലോകനം അതാത് മന്ത്രിമാര്‍ ഉറപ്പാക്കും. ചെലവ് കാശിന് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നത് അടക്കം വിപുലമായ ഉത്തരവാദിത്തങ്ങളാണ് ഓരോ സംഘാടക സമിതിക്കും ഉള്ളത്.

വാഹനങ്ങള്‍ , വീടുകളില്‍ നോട്ടീസ് എത്തിക്കുന്നത് മുതല്‍ വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള എല്‍ഇഡി വാളുകള്‍ വരെ , എന്തിനേറെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതും സംഘാടക സമിതിയുടെ ഉത്തരവാദിത്തം തന്നെ. പരിപാടി നടത്തിപ്പിന് ആവശ്യമായ തുക സമാഹരിക്കുന്നതിന് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നണം. ജനപ്രതിനിധികളും പ്രമുഖ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 

Related News