സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഉടക്ക് തുടരുന്നു; വിസിമാരില്ലാതെ സര്‍വകലാശാലകള്‍

  • 24/10/2023

കേരള സര്‍വകലാശാലയില്‍ സ്ഥിരം വിസി ഇല്ലാതായിട്ട് ഒരു വര്‍ഷം പിന്നിട്ടു. സര്‍ക്കാറും ഗവര്‍ണറും തമ്മിലെ തര്‍ക്കം തുടരുന്നതിനാല്‍ കേരള അടക്കം 7 സര്‍വകലാശാലകളില്‍ വിസിമാരില്ലാത്ത സാഹചര്യമാണ്. അതേസമയം, ഗവര്‍ണറുടെ ഒപ്പ് കാത്ത് ബില്ലുകള്‍ കെട്ടിക്കിടക്കുകയാണ്.

സര്‍വകലാശാല ഭേദഗതി ബില്ലിലും ചാൻസിലര്‍ ബില്ലിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുമ്ബോള്‍ സര്‍വ്വകലാശാലകളിലെ വിസിമാരുടെ നിയമനം അവതാളത്തിലാവുകയാണ്. ഡോ.മോഹൻ കുന്നുമ്മല്‍ ആരോഗ്യ സര്‍വ്വകലാശാലയിലും കേരളയിലും മാറി മാറി വിസിയായി തുടരുകയാണ്.

സ്ഥിരം വിസിക്കായുള്ള കേരള സര്‍വകലാശാലയുടെ കാത്തിരിപ്പ് ഒരു വര്‍ഷം പിന്നിട്ടു. ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തിന്റെ പ്രധാനകേന്ദ്രം കൂടിയായിരുന്നു കേരള സര്‍വകലാശാല. വിസി മഹാദേവൻ പിള്ളയുടെ കാലാവധി തീരാനിരിക്കെ ഗവര്‍ണ്ണര്‍ പുതിയ വിസി നിയമനത്തിനായി സെര്‍ച്ച്‌ കമ്മിറ്റി ഉണ്ടാക്കി. ഗവര്‍ണ്ണറുടേയും യുജിസിയുടേയും പ്രതിനിധിയെ വെച്ചു. പക്ഷെ സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കിയില്ല. ഇതിനിടെ സര്‍ക്കാര്‍ 3 അംഗ സര്‍ച്ച്‌ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സര്‍വ്വകലാശാലാ നിയമഭേഗദതി ബില്‍ കൊണ്ടുവന്നു.

Related News