സപ്ലൈകോയില്‍ സാധനങ്ങളില്ല, ഇപ്പോള്‍ സപ്ളൈ'നോ'യാണുള്ളത്, ജനം ദുരിതത്തിലെന്ന് ബിജെപി

  • 27/10/2023

പിണറായി സര്‍ക്കാരിന്‍റെ ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. സപ്ലൈകോയില്‍ സാധനങ്ങളില്ലാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ സപ്ലെെ നോയാണുള്ളത്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം നല്‍കാത്തതാണ് എല്ലാത്തിനും തടസം. സര്‍ക്കാരിന് ശമ്ബളവും പെൻഷനും കൊടുക്കാനാവുന്നില്ല.

അതിനിടയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌ കേരളീയം എന്ന പേരില്‍ ധൂര്‍ത്ത് നടത്തുകയാണ്. വലിയ അഴിമതി ലക്ഷ്യം വെച്ചാണ് ഇത്തരം മാമാങ്കം നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേരളയാത്ര നടത്താൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിരിവിനിറങ്ങുകയാണ്. ജനങ്ങളെ ഉദ്യോഗസ്ഥരെ കൊണ്ട് കൊള്ളയടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

മന്ത്രി മുഹമ്മദ് റിയാസ് മുസ്ലിം ടൂറിസം എന്ന പേരില്‍ 94 ലക്ഷം ചിലവഴിക്കുന്നത് ധൂര്‍ത്തും വിവേചനപരവുമാണ്. ഒരു മതത്തിന്റെ മാത്രം ചരിത്രം പഠിപ്പിക്കാൻ പൊതുഖജനാവിലെ പണം ചിലവഴിക്കുന്നത് മതേതര സമൂഹത്തില്‍ നല്ലതല്ല. പ്രതിപക്ഷം ഇത്തരം കാര്യങ്ങളെ അനുകൂലിക്കുകയാണ്.

ഒരു ആരോപണത്തിനും സര്‍ക്കാരിന് മറുപടിയില്ല. ഒക്ടോബര്‍ 30 ന് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. നവംബര്‍ 10 മുതല്‍ 30 വരെ 2,000 കേന്ദ്രങ്ങളില്‍ എൻഡിഎ ജനപഞ്ചായത്ത് നടത്തുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു

Related News