സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചിറക്കല്‍ സ്വദേശി ഗുലാന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് ആണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി ഷാഡോ പോലീസും ചാവക്കാട് പോലീസും സംയുക്തമായി ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറുപതോളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് പറയുന്നത്. ചാവക്കാട് മണത്തല സ്വദേശിയ്ക്ക് വ്യക്തിഗത ലോണ്‍ ശരിയാക്കി നല്‍കാമെന്നും പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെടുകയും ശേഷം ഫോണിലേക്ക് വന്ന ഒടിപി മനസിലാക്കി 75,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ക്ക് പിടിവീഴുന്നത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് നിലവിലുള്ളത്. സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരനാണ് എന്ന് പറഞ്ഞാണ് സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെത്തി പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ആളുകളോട് ലോണിനെ കുറിച്ച് സംസാരിക്കുകയും അവരുടെ കൈയില്‍ നിന്ന് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ കരസ്ഥമാക്കും. ശേഷം ഫോണില്‍ വിളിച്ച് ഇത്ര രൂപ ലോണ്‍ പാസായിട്ടുണ്ടെന്നും ഫോണിലേക്ക് ഒരു ഒടിപി വന്നിട്ടുണ്ടെന്നും അത് പറഞ്ഞു തരാനും ആവശ്യപ്പെടും. ഇങ്ങനെ ഒടിപി മനസിലാക്കിയ ശേഷം എത്ര രൂപയാണ് ലോണ്‍ പാസായതെന്നറിയിക്കുകയും 15 ദിവസത്തിനകം പാസായ ലോണ്‍ തുക ലഭിക്കുമെന്നും പറഞ്ഞുകൊണ്ട് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.
പറഞ്ഞ ദിവസത്തിനുശേഷവും ലോണ്‍ തുക ബാങ്ക് അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് പണം നഷ്ടമായവര്‍ കാര്‍ത്തികിനെ ഫോണില്‍ വിളിച്ചാല്‍ അവരോട് തട്ടിക്കയറുകയും ലോണ്‍ എടുത്തത് നിങ്ങളാണെന്നും തുകയുടെ തിരിച്ചടവ് സ്വയം നടത്തണമെന്നും പറയുകയും ഇനി ഫോണില്‍ വിളിച്ച് ശല്യം ചെയ്താല്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഒടുവില്‍ ആളുകള്‍ക്ക് ഈ തട്ടിപ്പിന്റെ കാര്യം മനസിലായത് പിന്നീട് ലോണ്‍ കൊടുത്ത ബാങ്കിന്റെ ആളുകള്‍ തിരിച്ചടവിനായി വീട്ടിലെത്തുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്ബോഴാണ്. ഇത്തരത്തില്‍ നിരവധി ആളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?