തരൂരിന്‍റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് ആശങ്ക; തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന പേടിയില്‍ പാര്‍ട്ടി

  • 27/10/2023

ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസംഗം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോര്‍ഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിര്‍പ്പിന്‍റെ തുടക്കമായി പാര്‍ട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതില്‍ ലത്തീൻ സഭക്ക് തരൂരിനോടുള്ള അകല്‍ച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.

വിശ്വപൗരന്‍റെ തലസ്ഥാനത്തെ തുടര്‍വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അടിയുറച്ച ന്യൂനപക്ഷ വോട്ടിന്‍റെ പിൻബലമാണ്. ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളില്‍ മോദിവിരുദ്ധ ദേശീയ പ്രതിച്ഛായയാണ് മതന്യൂനപക്ഷങ്ങളെ എന്നും തരൂരിനോട് അടുപ്പിച്ചത്.

എന്നാലിത്തവണ ആ കോര്‍ വോട്ടിലാണ് തുടരെ വിള്ളല്‍ വീഴുന്നത്. അടുത്തിടെ സംസ്ഥാനത്തെ ഒന്നാം നിര കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ ലീഗിലെ ഒരു വിഭാഗവും മുസ്ലീം സമുദായവും കൂടുതല്‍ താല്പര്യം കാണിച്ചതും തരൂരിനോടാണ്. എന്നാല്‍ ലീഗ് മുഴുവൻ ശക്തിയും കാണിച്ച്‌ നടത്തിയ പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനത്തിലെ ഹമാസ് വിരുദ്ധ പ്രസംഗമാണ് തരൂരിനും കോണ്‍ഗ്രസ്സിനും വലിയ വിനയായത്.

ഉടനടിയുള്ള പ്രതികരണമെന്ന നിലക്കാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലെ 32 മഹല്ലുകള്‍ ചേര്‍ന്നുള്ള കോര്‍ഡിനേഷൻ കമ്മിറ്റി തരൂരിനെ തലസ്ഥാനത്തെ പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും മാറ്റിയത്. 

Related News