സുരേഷ് ഗോപി വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  • 28/10/2023

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവര്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോള്‍ പറഞ്ഞു. 

അതേസമയം മാധ്യമപ്രവര്‍ത്തകയോടുളള സുരേഷ് ഗോപിയുടെ പെരുമാറ്റം തൊഴിലിടത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമമെന്ന് സിപിഐ നേതാവ് ആനി രാജയും പ്രതികരിച്ചു. ക്യാമറക്ക് മുന്നില്‍ നടന്ന സംഭവമായതിനാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാമെന്നും നടപടിയുണ്ടാവണമെന്നും ആനി രാജ വ്യക്തമാക്കി. വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്ന പതിവ് രാഷ്ട്രീയ തന്ത്രമാണ് സുരേഷ് ഗോപി പ്രയോഗിച്ചിട്ടുള്ളത്. ചുറ്റുമുണ്ടായിരുന്ന പുരുഷ മാധ്യമപ്രവര്‍ത്തകരോട് പിതൃവാത്സല്യം കാണിച്ചില്ലെന്നും, പിതൃ പദവിയെപോലും അവഹേളിക്കുന്നതിന് തുല്യമാണ് മുടന്തൻ ന്യായമെന്നും ആനി രാജ കുറ്റപ്പെടുത്തി.

ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് വിവാദ സംഭവം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലിലാണ് സുരേഷ് ഗോപി സ്പര്‍ശിച്ചത്. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയപ്പോള്‍ സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു.

Related News