സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിക്ക് 95 ശതമാനം പൊള്ളല്‍, നില അതീവഗുരുതരം; സാധ്യമായതെല്ലാം ചെയ്യുമെന്ന് ആരോഗ്യമന്ത്രി

  • 29/10/2023

കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 12 വയസ്സുള്ള കുട്ടിയ്ക്ക് 95 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള 53 വയസ്സുള്ള ഒരാള്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മയും സഹോദരനും ചികിത്സയിലാണ്. ഇവരുടെ പൊള്ളല്‍ ഗുരതരമല്ലെന്നും മന്ത്രി പി. രാജീവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞു. 

ചികിത്സയിലുള്ള എല്ലാവര്‍ക്കും പൊള്ളലാണുണ്ടായിരിക്കുന്നത്. മറ്റ് പരിക്കുകള്‍ ഇവര്‍ക്കാര്‍ക്കും കാണുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സാധ്യമായ തരത്തില്‍ എല്ലാ ചികിത്സകളും അപകടത്തിലായവര്‍ക്ക് നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. പ്ലാസ്റ്റിക് സര്‍ജന്‍മാരുള്‍പ്പടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘവും കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിയതായും മന്ത്രി പറഞ്ഞു. ലഭ്യമായ എല്ലാ ആധുനിക ചികിത്സയും പരിക്കേറ്റവര്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

പോലീസ് അന്വേഷണം ശരിയായ രൂപത്തില്‍ നടക്കുന്നുണ്ടെന്ന് മന്ത്രി പി.രാജീവും വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനു ശേഷമേ നിഗമനങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. 

Related News