മാസപ്പടിയില്‍ വിജിലൻസ് അന്വേഷണം വേണമെന്ന് ഹര്‍ജി; അമിക്കസ് ക്യൂറിയെ നിയമിച്ച്‌ കോടതി

  • 01/11/2023

മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ അടക്കമുള്ളവര്‍ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി അഡ്വ. അഖില്‍ വിജയനെ നിയമിച്ചു. ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കും. കേസിന്‍റെ വിവരങ്ങള്‍ അമിക്കസ് ക്യൂറി പരിശോധിക്കും. അതേസമയം, ഹര്‍ജിക്കാരൻ മരിച്ചതിനാല്‍ കേസ് അവസാനിപ്പിക്കാമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു.

കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു.

Related News