സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥയോ?; ഇങ്ങനെയെങ്കില്‍ ഇവിടെ ആര് നിക്ഷേപം നടത്തും; ഹൈക്കോടതി

  • 01/11/2023

സംസ്ഥാനം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് സത്യവാങ്മൂലം നല്‍കിയത്.നാടിനെ മോശമാക്കുന്നതാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്ന് കോടതി കടുത്തഭാഷയില്‍ വിമര്‍ശിച്ചു.

ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്ത് ഉണ്ടായാല്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്ക് ഉണ്ടെന്ന ഓര്‍മപ്പെടുത്തലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

സത്യവാങ്മൂലം വെച്ചായിരിക്കും സര്‍ക്കാരിന്റെ നിലവിലെ സ്ഥിവിശേഷങ്ങള്‍ കേരളത്തിനു പുറത്ത് വിലയിരുത്തപ്പെടുകയെന്ന് കോടതി പറഞ്ഞു. കെടിഡിഎഫ്‌സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കെടിഡിഎഫ്‌സിയില്‍ ആളുകള്‍ പണം നിക്ഷേപിച്ചത് സര്‍ക്കാര്‍ ഗ്യാരന്റിയിലാണ്. ഇങ്ങനെയെങ്കില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആര് തയ്യാറാകുമെന്നും ചോദിച്ച കോടതി അധിക സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

Related News