പലസ്തീൻ വിഷയത്തില്‍ കൂടുതല്‍ റാലികള്‍ നടത്താൻ സിപിഎം

  • 04/11/2023

പലസ്തീൻ വിഷയത്തില്‍ കൂടുതല്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ നടത്താന്‍ സിപിഎം. കോഴിക്കോടിനു പുറമേ മൂന്ന് മേഖലാ റാലികള്‍ കൂടി സംഘടിപ്പിക്കും. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് റാലികള്‍ നടത്തുക. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടെടുക്കാൻ കഴിയുന്നില്ലെന്നും സിപിഎം വിലയിരുത്തുന്നു. ഈ വിഷയത്തില്‍ ലീഗ് അണികളില്‍ അതൃപ്തി ഉണ്ടെന്നും അത് മുതലെടുക്കണമെന്നുമാണ് സിപിഎം തീരുമാനം. 

സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്‍റെ നീക്കം.

നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.

Related News