കേരളീയം സെമിനാര്‍ വേദികളില്‍ കൈയടി നേടി ആംഗ്യഭാഷാ പരിഭാഷകര്‍

  • 04/11/2023

കേരളീയം 2023 പരിപാടിയുടെ ഭാഗമായി നടക്കുന്ന സെമിനാര്‍ വേദികളില്‍ കൈയടി നേടി ആംഗ്യഭാഷാ പരിഭാഷകര്‍. എട്ടും പത്തും പ്രഭാഷകരുള്ള ഓരോ സെമിനാര്‍ വേദികളിലും പ്രഭാഷണങ്ങളിലെ ആശയങ്ങളൊന്നു പോലും വിട്ടുപോകാതെ അംഗചലനങ്ങളിലൂടെ ഓരോന്നും ഭിന്ന ശേഷിക്കാരില്‍ എത്തിച്ചാണ് ഇവര്‍ ശ്രദ്ധ നേടുന്നത്.


സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിങ്ങിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങിയ 16 പേരാണ് ആംഗ്യഭാഷാ പരിഭാഷ നടത്തുന്നത്. ഇതില്‍ 12 പേരും സ്ത്രീകളാണ്. ഒരു സെമിനാറില്‍ മൂന്നുപേര്‍ വീതം പരിഭാഷ നടത്തുന്നുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക എന്ന നയത്തിന്റെ ഭാഗമായാണ് എല്ലാ സെമിനാര്‍ വേദികളിലും ആംഗ്യഭാഷാ പരിഭാഷകരെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സെമിനാര്‍ വേദികളിലെല്ലാം ആംഗ്യഭാഷാ പരിഭാഷകരെ കണ്ടു താല്‍പ്പര്യം തോന്നിയവര്‍ ആംഗ്യഭാഷാ പരിഭാഷ പഠിക്കുന്ന കോഴ്‌സിനെ കുറിച്ചൊക്കെ ചോദിച്ചു തുടങ്ങിയതായി പരിഭാഷകരില്‍ ഒരാളായ ജിന്‍സി മരിയ ജേക്കബ് പറയുന്നു.

നിഷിലെ ദ്വിവത്സര ഡിപ്ലോമ കോഴ്‌സ് ആയ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രേട്ടേഷന്‍ പൂര്‍ത്തീകരിച്ചാണ് ജിന്‍സി ആംഗ്യഭാഷാ പരിഭാഷക ആയത്. അഞ്ചു സെമിനാര്‍ വേദികള്‍ക്കു പുറമെ യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തിലും ആംഗ്യഭാഷാ പരിഭാഷകരുടെ സേവനമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Related News