ഉയര്‍ന്ന തിരമാല, കടലാക്രമണത്തിന് സാധ്യത, കേരളത്തില്‍ ഇന്നും മഴ; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 05/11/2023

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ഇടുക്കിയില്‍ ശക്തമായ മഴയില്‍ വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് വിവരം. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുള്‍പൊട്ടിയത്. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വടക്കൻ തമിഴ്നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന കിഴക്കൻകാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Related News