പെൻഷന് പണമില്ല; നീന്തല്‍ക്കുളം ഉണ്ടാക്കുന്നു - ഗവര്‍ണര്‍

  • 05/11/2023

സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമ്ബോഴും ഉത്സവങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുകയാണെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തെ പരോക്ഷമായി സൂചിപ്പിച്ച്‌ അഭിപ്രായപ്രകടനം നടത്തിയ അദ്ദേഹം, കേരളീയത്തെക്കുറിച്ചറിഞ്ഞത് വാര്‍ത്തകളിലൂടെമാത്രമാണെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പെൻഷൻ നല്‍കാൻപോലും പണമില്ലാതിരിക്കുന്ന അവസ്ഥയില്‍ നീന്തല്‍ക്കുളം നിര്‍മാണത്തിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്നതിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി മറുപടി പറയുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ പ്രത്യേക വൈസ് ചാൻസലര്‍മാരെ നിയോഗിക്കുമ്ബോള്‍ പണച്ചെലവുണ്ടാകും.

 പണച്ചെലവ് ഉള്‍പ്പെടുന്നത് മണിബില്ലിന്റെ പരിധിയില്‍ വരും. മണിബില്‍ നിയമസഭയില്‍ അവതരിപ്പിക്കാൻ ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണം. ആ അനുമതിയില്ലാതെയാണ് വൈസ് ചാൻസലര്‍ നിയമനവുമായി ബന്ധപ്പെട്ട ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നുമില്ലാത്ത സ്ഥിതിക്ക് കാത്തിരിക്കുകമാത്രമേ വഴിയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related News