സിക്ക വൈറസിനെതിരെ ജാഗ്രത, മുന്നറിയിപ്പ്‌

  • 06/11/2023

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗമുള്ള പ്രദേശത്തെ ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കും. പനി ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി. 

രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്ത് സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും സിക്ക പകരാം.

Related News