'1,38,655 രൂപയാണ് വായ്പയായി നല്‍കിയത്, അടച്ച്‌ തീര്‍ത്തതാണ്'; കര്‍ഷകന്‍റെ ആത്മഹത്യയില്‍ വിശദീകരണവുമായി മന്ത്രി

  • 11/11/2023

തകഴിയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സംഭരിക്കുന്ന നെല്ലിന്‍റെ വിലയായി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക നല്‍കുന്നതില്‍ നെല്ലളന്നെടുത്തത് മുതല്‍ കേന്ദ്ര - സംസ്ഥാന വിഹിതങ്ങള്‍ ലഭ്യമാവുന്നതുവരെയുള്ള താമസം ഒഴിവാക്കാന്‍ സപ്ലൈകോ ഗ്യാരന്‍റിയില്‍ പി ആര്‍ എസ് വായ്പ ലഭ്യമാക്കുകയാണ് ചെയ്തു വരുന്നത്. പി ആര്‍ എസ് വായ്പ എടുക്കുന്നത് മൂലം കര്‍ഷകന് ബാധ്യത വരുന്നില്ല.

തുകയും പലിശയും സപ്ലൈകോ അടച്ചുതീര്‍ക്കും. 2021-22 കാലയളവില്‍ ഈ കര്‍ഷകനില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പി ആര്‍ എസ് വായ്പയായി ഫെഡറല്‍ ബാങ്ക് വഴി നല്‍കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തു. 2022-23 സീസണിലെ ഒന്നാം വിളയായി ഇയാളില്‍ നിന്ന് 4896 കിലോഗ്രാം നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരളാ ബാങ്ക് വഴി പി ആര്‍ എസ് വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അതിന്‍റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂ. ആയതിനാല്‍ പി ആര്‍ എസ് വായ്പയിലെ കുടിശ്ശിക അല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചതെന്ന് മനസിലാക്കാം. 2023-24 ലെ ഒന്നാം വിളയുടെ സംഭരണ വില വിതരണം നവംബര്‍ 13 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണവില നല്‍കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും ഭക്ഷ്യ മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related News