ഇന്ന് ദീപാവലി; നിറദീപങ്ങളൊരുക്കി നാടും നഗരവും, പടക്കം പൊട്ടിക്കലിന് നിയന്ത്രണം

  • 11/11/2023

ഇന്ന് രാജ്യമെങ്ങും ദീപപ്രഭയില്‍ ദീപാവലി ആഘോഷിക്കും. തിന്മയ്ക്കുമേല്‍ നൻമ നേടുന്ന വിജയമായാണ് ദീപാവലിയെ കണക്കാക്കുന്നത്. മണ്‍ചെരാതുകള്‍ തെളിച്ചും മധുരം വിളമ്ബിയും പടക്കം പൊട്ടിച്ചും ദീപങ്ങളുടെ ഉത്സവത്തെ ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

വീടുകളില്‍ ഐശ്വര്യ ദേവതയായ ലക്ഷ്മിയെ കുടിയിരുത്തി കൊണ്ടാണ് ആഘോഷം. മത്താപ്പും പൂത്തിരികളും വര്‍ണ ചക്രങ്ങളും ദീപപ്രഭ തീര്‍ക്കും. ഐതീഹ്യങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കും.

അതേസമയം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി എട്ട് മണി മുതല്‍ പത്ത് മണിവരെയാണ് പടക്കം പൊട്ടിക്കാൻ അനുവാദം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആഘോഷങ്ങള്‍ക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നും ഉത്തരവിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരെയും ജില്ലാ പൊലീസ് മേധാവികളെയും ചുമതലപ്പെടുത്തി. പടക്ക വിപണിയും മധുര പലഹാര കച്ചവടം ഇന്നലെ മുതല്‍ തകൃതിയായി. പടക്കങ്ങള്‍ വാങ്ങാൻ വൻ തിരക്കാണ് പലയിടത്തും. 

Related News