രാജ്ഭവൻ അറ്റകുറ്റപ്പണി ചെയ്യേണ്ടത് സര്‍ക്കാര്‍, ബില്ലുകളില്‍ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നല്‍കണം: ഗവര്‍ണര്‍

  • 13/11/2023

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ നിലപാട് കടുപ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബ്ബര്‍ സ്റ്റാമ്ബല്ലെന്ന് പറഞ്ഞ അദ്ദേഹം താൻ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ആവര്‍ത്തിച്ചു.

രാജ്ഭവന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്. രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ഗവര്‍ണര്‍ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയെന്നായിരുന്നു ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശനം. കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

എല്ലാത്തിനും ഒരു അതിരുണ്ടെന്നും എന്നാല്‍ എല്ലാ അതിരുകളും ലംഘിക്കുന്ന നിലയിലാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും വിമര്‍ശിച്ച മുഖ്യമന്ത്രി, ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബില്ലില്‍ പോലും ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ കര്‍ഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും പറഞ്ഞിരുന്നു. കൂട്ടിക്കല്‍ പ്രളയബാധിതര്‍ക്കായി സി പി എം നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുമ്ബോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Related News