സുരേഷ്‌ഗോപി ചോദ്യം ചെയ്യലിന് ഹാജരായി ; സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍

  • 15/11/2023

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമാനിച്ചെന്ന ആരോപണത്തില്‍ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ സുരേഷ്‌ഗോപി ചോദ്യം ചെയ്യലിന് ഹാജരായി. സ്‌റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് നടന്‍ എത്തിയത്. വലിയ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും ശേഷം സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് നീക്കി. 


രാവിലെ മുതല്‍ സുരേഷ്ഗോപിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു അനേകം ബിജെപി പ്രവര്‍ത്തകര്‍ ഇവിടെയെത്തിയിരുന്നു. ഇംഗ്ലീഷ് പള്ളി ജംഗ്ഷന് മുന്നില്‍ നിന്നും നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് പദയാത്രയായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ പിന്നീട് സ്റ്റേഷന് മുന്നില്‍ തമ്ബടിക്കുകയും പോലീസ് ഇവരെ വിരട്ടിയോടിക്കുകയും ചെയ്തു. നാലു വാഹനങ്ങളിലായിട്ടാണ് സുരേഷ്‌ഗോപിയും സംഘവും നടക്കാവില്‍ എത്തിയത്.


എന്നാല്‍ വാഹനവ്യൂഹം കടത്തിവിടാനാകില്ലെന്ന പോലീസ് നിലപാട് എടുത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഏറെ നേരത്തേ അനിശ്ചിതത്വത്തിന് ശേഷം സുരേഷ്ഗോപി തന്നെ ഇറങ്ങി സ്റ്റേഷനിലേക്ക് നടന്നുപോയി. തടിച്ചുകൂടി മുദ്രാവാക്യം വിളികളുമായി നിന്ന പ്രവര്‍ത്തകരെ പോലീസ് പിന്നീട് ഓടിക്കുകയും ചെയ്തു. രാഷ്ട്രീയപ്രേരിതമായ കേസ് എന്ന നിലയിലാണ് ബിജെപി വിഷയത്തെ എടുത്തിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.


നേരത്തേ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. വേട്ടയാടാന്‍ വിട്ടുതരില്ലെന്ന് ബാനറൊക്കെ ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകര്‍ നടക്കാവ് സ്റ്റേഷന് മുന്നിലെത്തിയത്. സുരേഷ്‌ഗോപിയെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാഹചര്യമുണ്ടായാല്‍ അതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ അഭിഭാഷക സംഘവുമുണ്ട്.

Related News