നഷ്ടപരിഹാരം നല്‍കുന്നതില്‍ അവഗണന; വിഴിഞ്ഞത്ത് മന്ത്രിയുടെ കാര്‍ തടഞ്ഞ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

  • 15/11/2023

കോവളം: കട്ടമരത്തിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍ നിന്നും ഒഴിവാക്കിയെന്ന് ആരോപിച്ച്‌ മന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് പ്രതിഷേധക്കാര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ കാര്‍ തടയുകയും മന്ത്രിക്ക് തിരിച്ചുപോകേണ്ടിയും വന്നിരുന്നു. പ്രതിഷേധക്കാര്‍ തുടര്‍ന്ന് കോവളം ബൈപ്പാസ് ഉപരോധിക്കുകയും ചെയ്തു.


തുറമുഖവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടം സംഭവിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഒരു വിഭാഗത്തിന് മാത്രമാണ് നല്‍കുന്നതെന്നും മറ്റൊരു വിഭാഗത്തെ അവഗണിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിഷേം. തെക്കുംഭാഗം ജമാ അത്തിന്റെ ആള്‍ക്കാരാണ് പ്രതിഷേധിച്ചത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും വടക്കന്‍ ഭാഗത്തെ അവഗണിച്ചെന്നും തെക്കന്‍ ഭാഗംകാരെ മാത്രമാണ് പരിഗണിച്ചതെന്നുമാണ് ആക്ഷേപം.


ഏകദേശം 15,000 വരുന്ന വടക്കന്‍ ഭാഗത്തെ മത്സ്യത്തൊഴിലാളികളെ നഷ്ടപരിഹാര വിതരണത്തില്‍ പരിഗണിച്ചില്ല എന്നാണ് ആക്ഷേപം. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്നും പറയുന്നു. മന്ത്രിയുടെ കാര്‍ ഇവര്‍ തടയുകയും പോലീസ് പ്രകടനക്കാരെ ബലം പ്രയോഗിച്ച്‌ നീക്കുകയും ചെയ്തു. പിന്നീട് സമരക്കാര്‍ കോവളം ബൈപ്പസ് ഇവര്‍ ഉപരോധിച്ചതിനാല്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.


Related News