വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്ന് പണം തട്ടി; ലോട്ടറി വില്‍പ്പനക്കാരി അറസ്റ്റിൽ

  • 15/11/2023

കൊച്ചി: വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവാക്കളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ലോട്ടറി വില്‍പ്പനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാറാടി പള്ളിക്കാവ് പടിഞ്ഞാറയില്‍ ഷൈലയാണ് (57) പിടിയിലായത്. ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് 25,28,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചോരക്കുഴി, മോനിപ്പള്ളി സ്വദേശികളായ യുവാക്കളാണ് തട്ടിപ്പിന് ഇരയായത്.


ചോരക്കുഴി സ്വദേശിയായ യുവാവിനു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു സോന എന്നാണു പേരെന്നും ഇന്‍ഫോപാര്‍ക്കിലാണു ജോലിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ഈ യുവതിയാണെന്ന വ്യാജേന ഷൈല തന്നെ യുവാവുമായി ഫോണില്‍ വിളിച്ച്‌ അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അസുഖമാണെന്നു പറഞ്ഞ് 6 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.


മോനിപ്പിള്ളി സ്വദേശിയായ യുവാവിനെ സന്ധ്യ, പാര്‍വതി എന്നീ പേരുകളിലുള്ള യുവതികളുടെ ചിത്രം കാണിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. യുവതികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു പല തവണകളായി 19,28,000 രൂപ തട്ടിയെടുത്തതായും പൊലീസ് പറയുന്നു.

Related News