കേരളത്തിന്‍റേത് അസാധാരണ വളര്‍ച്ച! നിക്ഷേപം നടത്താൻ ക്ഷണിച്ച്‌ മുഖ്യമന്ത്രി

  • 16/11/2023

സംസ്ഥാനത്ത് ഏറെ സാധ്യതകളുള്ള ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി ലോകോത്തര സമ്ബദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകാന്‍ നിക്ഷേപകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ഥന. ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനില്‍ നിന്ന് രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ കേരളം ഒരുങ്ങുകയാണെന്നും കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ, സംസ്ഥാന പാതകളാല്‍ സമ്ബന്നമാണ് കേരളം. ഏറെ വൈകാതെ കേരളത്തിലെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ജലപാതയിലൂടെ യാത്ര ചെയ്യാനാകും. രാജ്യത്ത് ഏറ്റവും അധികം പഞ്ച നക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനവും കേരളമാണ്. കേരളം നിക്ഷേപം സ്വീകരിക്കാന്‍ തയ്യാറാണെന്നും സമാനതകളില്ലാത്ത ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപകരെ പ്രധാന പങ്കാളികളുമായും പ്രാദേശിക സംരംഭകരുമായും വ്യവസായ വിദഗ്ധരുമായും ബന്ധിപ്പിച്ച്‌ സംസ്ഥാനത്തെ ടൂറിസം ആവാസവ്യവസ്ഥയെക്കുറിച്ചുള്ള മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനുള്ള സഹകരണം കണ്ടെത്തുന്നതിനാണ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം നിക്ഷേപകരെ സഹായിക്കാന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനവും നിക്ഷേപക സംഗമത്തിലെ പ്രാഥമിക ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ക്കായി ഫെസിലിറ്റേഷന്‍ കേന്ദ്രവും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News