കാട്ടാനശല്യം കാരണം രണ്ടേക്കര്‍ സ്ഥലവും വീടും ഉപേക്ഷിച്ച്‌ വാടക വീട്ടിലേക്ക്; മുഖ്യമന്ത്രിക്ക് ഹര്‍ജി എഴുതി കര്‍ഷകൻ ജീവനൊടുക്കി

  • 16/11/2023

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്ന കര്‍ഷകൻ ജീവനൊടുക്കി. കണ്ണൂര്‍ അയ്യൻകുന്ന് സ്വദേശി സുബ്രഹ്മണ്യൻ (സുപ്രൻ-71) ആണ് മരിച്ചത്. രാത്രയും പകലും ഒരുപോലെ കാട്ടാന ശല്യം പതിവായതോടെയാണ് കാൻസര്‍ ബാധിതനായ സുബ്രഹ്മണ്യത്തിന് രണ്ട് വര്‍ഷം മുൻപ് 2.2 ഏക്കര്‍ പുരയിടവും വീടും ഉപേക്ഷിച്ച്‌ വാടകവീട്ടിലേക്ക് മാറേണ്ടി വന്നത്.

ലൈഫില്‍ വീടിന് അപേക്ഷിച്ചെങ്കിലും സ്ഥലം ഉള്ളതിനാല്‍ അര്‍ഹതയുണ്ടായില്ല. ഭാര്യക്ക് തൊഴിലുറപ്പ് ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനവും തന്റെ വാര്‍ധക്യ പെൻഷനും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മൂന്ന് മാസമായി വാര്‍ധക്യ പെൻഷൻ മുടങ്ങിയത് പ്രതിസന്ധി വര്‍ധിപ്പിച്ചു.

വീടിന്റെ അറ്റകുറ്റപണിയെ തുടര്‍ന്ന് വാടകവീട്ടില്‍ നിന്നും മാറണമെന്ന് ഉടമ പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ പഞ്ചായത്തംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് കര്‍ഷകൻ ജീവനൊടുക്കിയത്. സ്വന്തം വീട് ഉപയോഗിക്കാനാവാത്തതിനാല്‍ പ്രദേശവാസിയുടെ വീട്ടുമുറ്റത്താണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. 

സ്വന്തം വീട് വിടേണ്ടി വന്നത് സുബ്രമണ്യനെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും പ്രദേശവാസികളും പറഞ്ഞു. 13 വര്‍ഷം മുൻപ് കാൻസര്‍ ബാധിച്ച സുബ്രമണ്യത്തിനെ തുടര്‍ ചികിത്സയും നാല് ലക്ഷത്തോളം രൂപ കട ബാധ്യതയും അലട്ടിയിരുന്നു. നവകേരള സദസ്സിന് 22ന് ഇരിട്ടി മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് തന്റെ കഷ്ടപാടുകള്‍ വിവരിച്ച്‌ ഹര്‍ജി തയ്യാറക്കിയിട്ടാണ് സുബ്രഹ്മണ്യൻ ജീവനൊടുക്കിയത്. മൃതദേഹം മുണ്ടാംപറമ്ബ് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. 

Related News