ജീവനൊടുക്കിയ കര്‍ഷകൻ പ്രസാദിന്റെ വീട്ടില്‍ അപ്രതീക്ഷിതമായി മന്ത്രിയെത്തി, വീട്ടുകാര്‍ അമ്ബരന്നു

  • 16/11/2023

തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകൻ കെജി പ്രസാദിന്റെ വീട് കൃഷി മന്ത്രി പി പ്രസാദ് സന്ദര്‍ശിച്ചു. വീട്ടുകാരെയോ മാധ്യമങ്ങളെയോ അറിയിക്കാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ അമ്ബരന്നു. മന്ത്രിയുടെ സന്ദര്‍ശനമാണെന്ന് അറിഞ്ഞത് പിന്നീടാണ്. ഭവന വായ്പ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച്‌ വേണ്ടത് ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. പ്രതിഷേധം ഉണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു ആരെയും അറിയിക്കാതെയുള്ള മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് വിവരം.

തകഴിയില്‍ പ്രസാദെന്ന കര്‍ഷകൻ ആത്മഹത്യ ചെയ്യാൻ കാരണം നെല്ലു സംഭരണത്തിലെ കുടിശികയല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. കര്‍ഷകന് 800 ന് മുകളില്‍ സ്കോറുണ്ട്. സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനാല്‍ പി.ആ‍ര്‍.എസ്.വായ്പയെടുത്ത ഒരു കര്‍ഷകന് സിബില്‍ സ്കോറിനെ ബാധിക്കില്ല. സപ്ലൈക്കോയില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തില്‍ നടക്കുകയാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രസാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിഷം കഴിച്ചാണ് പ്രസാദ് ജീവനൊടുക്കിയത്. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. കെജി പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആര്‍എസ് വായ്പാ കുടിശ്ശിക അല്ലെന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കുടുംബത്തിന്റെ ഏക വരുമാനമായ കൃഷിയുമായി മുന്നോട്ടുപോകാനുള്ള മാനസികാവസ്ഥയോ സാമ്ബത്തികമോ ഇല്ലെന്ന് പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു

Related News