പെൻഷൻ മുടങ്ങിയതിൻ്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിലെത്തി കണ്ടു. തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനാലാണ് ക്ഷേമപെൻഷൻ വിഹിതം കേന്ദ്രം നല്‍കാത്തത് എന്നും തൊഴില്‍ ഉറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
ചീഫ് സെക്രട്ടറി കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കട്ടെ എന്ന് ആവശ്യപ്പെട്ട സുരേഷ് ഗോപി ക്ഷേമ പെൻഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നല്‍കില്ലെന്ന് ജനം തീരുമാനിക്കണം എന്നും പറഞ്ഞു. എം പി പെൻഷനില്‍ നിന്ന് 1000 രൂപ വീതം മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും എല്ലാ മാസവും നല്‍കുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
പെൻഷൻ മുടങ്ങിയതിൻ്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറില്‍ സ്വന്തമായി രണ്ട് വീടുകളും പഴംമ്ബിള്ളിചാലില്‍ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. അടിമാലി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകള്‍ പ്രിൻസി സ്വിറ്റ്സര്‍ലൻഡിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങള്‍ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാര്‍ത്തയാക്കുകയും ചെയ്തു.
എന്നാല്‍ ഈ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ പിന്നീട് സാക്ഷ്യപത്രം നല്‍കി. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. മറിയക്കുട്ടി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയില്‍ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസര്‍ ബിജുവും വ്യക്തമാക്കിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?