'പ്രജാപതിയും ബാല മനസും'; നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം

  • 18/11/2023

നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം. പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പാവങ്ങളോട് തരിമ്പു പോലും സഹാനുഭൂതി കാണിക്കാതെ ഇമ്മാതിരി അശ്ശീലം കാണിക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കേണ്ടി വരുന്നത് കെട്ട കാലത്തെ രാഷ്ട്രീയത്തിന്റെ പരിഛേദംമാണ്. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക യാത്രയെ വിമർശിച്ചവർ ഇപ്പോൾ കക്കൂസ് അടങ്ങുന്ന ലക്ഷ്വറി വാഹനത്തിൽ കറങ്ങാൻ ഇറങ്ങുമ്പോൾ രാജാവ് നഗ്‌നനാണെന്ന് പറയൻ കെൽപുള്ള കുട്ടികൾ ഇല്ല എന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്നും മുഖപ്രസംഗം വിമർശിക്കുന്നു.

പാവപ്പെട്ടവർ പിച്ച ചട്ടിയുമായി നിൽക്കുമ്പോൾ സ്‌കൂൾ കുട്ടികൾ വിനോദയാത്ര നടത്തുന്നത് പോലെ കളിച്ചും ചിരിച്ചും ലൈവിട്ടും നടക്കുന്നത് ജനത്തിന് മുന്നിൽ നിൽക്കാൻ വേറെ മാർഗമില്ലാത്തതിനാലാണ്.
ബസ് കാണാൻ ധാരാളം ആളുകൾ വരുമെന്ന് പറഞ്ഞ എ കെ ബാലന്റെ മനസ് പേരുപോലെ ബാല മനസാണ്. ദേവഗൗഡയുടെ പാർട്ടി പ്രതിനിധിയും യാത്രയുടെ ഭാഗമായതിനാൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ വിളിക്കാമായിരുന്നുവെന്നും എൻ.ഡി.എ - എൽ.ഡി എഫ് സംയുക്ത യാത്ര ചരിത്ര സംഭവമാക്കാമായിരുന്നുവെന്നും ലീഗ് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

അതേസമയം നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് 10.30 മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് കാസർഗോഡ് മണ്ഡലം നവ കേരള സദസ്സ് നായന്മാർമൂല മിനി സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം.

ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് 'നവകേരള സദസ്'. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്റെ സമാപനം.

Related News