യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ വ്യാജ ഐഡി കാര്‍ഡ്‌ ഉപയോഗിച്ചത്‌ അതീവ ഗൗരവപ്രശ്‌നമെന്ന് മുഖ്യമന്ത്രി

  • 19/11/2023

യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ വ്യാജ ഐഡി കാര്‍ഡ്‌ ഉപയോഗിച്ചത്‌ അതീവ ഗൗരവ പ്രശ്‌നമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇത്‌ മുമ്ബും നടത്തിയിട്ടുണ്ടോ? ഏജൻസികള്‍ ഇത്തരം കാര്യങ്ങള്‍ മുമ്ബ്‌ ചെയ്‌തിട്ടുണ്ടോ? വോട്ടര്‍ പട്ടികയുടെ കാര്യമായതിനാല്‍ ഇത്‌ പൊതുതെരഞ്ഞെടുപ്പിനെ പോലും എങ്ങനെ ബാധിക്കുമെന്ന്‌ ഉള്‍പ്പെടെയുള്ള ഗൗരവ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാ അന്വേഷണ ഏജൻസികളും ഇത് ഗൗരവത്തോടെയാണ്‌ കാണുന്നതെന്നാണ്‌ മനസ്സിലാക്കുന്നത്‌. ജനാധിപത്യ പാര്‍ട്ടി എന്ന പേരാണ്‌ കോണ്‍ഗ്രസിനെങ്കിലും ഒരു ജനാധിപത്യ പ്രക്രിയയും നടക്കാത്ത പാര്‍ട്ടിയാണത്‌. തെരഞ്ഞെടുപ്പിന്‌ പകരം നോമിനേഷൻ മാത്രമാണ്‌ നടക്കുന്നത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ നടന്നപ്പോഴാകട്ടെ അത് ഇങ്ങനെയുമായി. 

ഒരു പാര്‍ട്ടിക്കകത്ത്‌ ആരോഗ്യപരമായി നടക്കേണ്ടുന്ന കാര്യം ഇത്രയും നെറികെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നവര്‍ രാഷ്‌ട്രീയ എതിരാളികളോട്‌ എന്തെല്ലാം ചെയ്യും. ഇത്തരം കാര്യങ്ങളില്‍ ആ പാര്‍ട്ടിയുടെ ഉപദേശകരുടെ പങ്ക്‌ കൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. ആ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിന്റെ ധര്‍മ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Related News