കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍. ഭാസുരാംഗനും മകനും അറസ്റ്റില്‍

  • 21/11/2023

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ ഡി ചോദ്യം ചെയ്തത്. മൂന്നാം തവണയുള്ള ഇഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ്.

കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാവിലെ പത്തരയോടെയാണ് ഭാസുംരാഗനും മകനും ഇഡിക്ക് മുന്നില്‍ ഹാജരായത്. ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും സാമ്പത്തിക രേഖകളും ഇന്ന് ഹാജരാക്കണമെന്നും ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇവയുള്‍പ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

തിരുവനന്തപുരത്ത് ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും അടക്കം ഇ ഡി റെയ്ഡ് നടത്തി. സാമ്പത്തിക ഇടപാടുകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ബാങ്കിലെ നിക്ഷേപകരുടെയും വായ്പക്കാരുടെയും വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററും ഉള്‍പ്പെടെ ഇ.ഡി. ശേഖരിച്ചിരുന്നു.

Related News